Saturday, February 9, 2013

നത്തോലി ഒരു ചെറിയ മീനല്ല



      'കൈയ്യെത്തും ദൂരത്ത്‌ ' എന്ന ആദ്യ സിനിമക്ക് ശേഷം, ഒരു വലിയ ഇടവേള എടുത്തിട്ടാണ് ഫഹദ് എന്ന നടന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നത്. ആദ്യ സിനിമയിലൂടെ ഉണ്ടായ ക്ഷീണം തീര്‍ക്കാന്‍ അത്രയും മികച്ച സിനിമകള്‍ ആണ് ഫഹദ് അതിനു ശേഷം ഇതുവരെ ചെയ്ത ഓരോ സിനിമയും. വളരെ സൂക്ഷ്മതയോടെ തിരകഥകള്‍ തിരഞ്ഞെടുക്കുന്ന ഫഹദിന്‍റെ മികവു എന്നും പ്രോത്സാഹനത്തിനു പാത്രമായിട്ടുമുണ്ട്.

      'നത്തോലി ഒരു ചെറിയ മീനല്ല' എന്ന സിനിമ, പേരില്‍ മാത്രമല്ല, അവതരണത്തിലും ഒരല്പം അമിത വ്യത്യസ്തത കാണിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്യവും മനോരാജ്യവും കെട്ടുപിണഞ്ഞു കിടക്കുന്നു സിനിമയിലുടനീളം.

      വീ കെ പ്രകാശ്‌ എന്ന സംവിധായകന്‍റെ സിനിമകളില്‍ 'ബ്യൂടിഫുള്‍' മുതല്‍ ഒരു സ്ഥിരം സാന്നിധ്യമാണ് പി. ബാലചന്ദ്രന്‍... ഈ സിനിമ കാണുന്നവര്‍ക്കെല്ലാം അപ്രിയം തോന്നുന്ന ഒരു കഥാപാത്രമാണ് പി. ബാലചന്ദ്രന്‍റെ ദ്രോണര്‍. സത്യത്തില്‍ 'നത്തോലി ഒരു ചെറിയ മീനല്ല' എന്ന് അര്‍ജുനനെക്കൊണ്ട് പറയിക്കാന്‍ വേണ്ടിയാണോ ആ രംഗം ഉള്‍പ്പെടുത്തിയത് എന്നും മനസ്സിലായില്ല. രംഗം ഉണ്ടെങ്കിലും കുഴപ്പമില്ല, അതില്‍ അനാവശ്യമായ ഇമ്പ്രോവയ്സേഷന്‍ എങ്കിലും വേണ്ടെന്നു വെയ്ക്കാമായിരുന്നു ( ഉദാഹരണത്തിന് ദ്രോണരുടെ 'ജ്ജെന്താ കാണണേ?' 'കുടോസ് അര്‍ജ്ജുനന്‍' തുടങ്ങിയ സംഭാഷണങ്ങള്‍ )

      ആളുകള്‍ അവരുടെ പക തീര്‍ക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. ഈ സിനിമയിലെ നായകനായ പ്രേമന്‍ (ഫഹദ്) തന്‍റെ പക തീര്‍ക്കാന്‍ ഉപയോഗിക്കുന്നത് എഴുതാനുള്ള തന്‍റെ കഴിവിലൂടെയാണ്. എഴുത്തിനിടെ കഥാപാത്രങ്ങള്‍ അയാള്‍ക്ക്‌ മുന്‍പില്‍ ഒരു സാങ്കല്പിക ലോകം തീര്‍ക്കുന്നു. അവിടെ കഥാപാത്രങ്ങള്‍ അയാളോട് മത്സരിക്കുന്നു. അയാള്‍ എഴുത്ത് നിര്‍ത്തുമ്പോള്‍ അയാള്‍ ആഗ്രഹിക്കാത്ത വഴികളിലൂടെ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നു. ഒടുവില്‍ എഴുതിതീര്‍ക്കുന്നത് പകയല്ല മറിച്ച് പ്രണയമാണ് എന്ന തിരിച്ചറിവില്‍ സിനിമ അവസാനിക്കുന്നു.

      മുന്‍ സിനിമകളിലെപ്പോലെ ഒരു സ്വാഭാവികത ഈ സിനിമയിലും ഫഹദിന്‍റെ അഭിനയത്തിനുണ്ടായിരുന്നു. പക്ഷെ ഇടയ്ക്കു കുലുങ്ങിക്കുലുങ്ങിയുള്ള ചിരി ആദ്യം രസിപ്പിച്ചെങ്കിലും പോകെപ്പോകെ അരോചകമായി. പ്രേമനായും നരേന്ദ്രനായും ഫഹദ് അധികം മുഷിപ്പിക്കുന്നില്ല. പ്രഭ തോമസിലൂടെ കമാളിനിയും നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നു. തന്‍റെ സിനിമാ ജീവിതത്തില്‍ ആദ്യമായാകും മുകുന്ദന്‍ വ്യത്യസ്തതയുള്ള ഒരു വേഷം ചെയ്യുന്നത് ( വാച്ചര്‍ ). ഒരു അതിഥി വേഷമെങ്കില്‍ കൂടി റിമ കല്ലിങ്കല്‍ നന്നായി ചെയ്തു. സത്താര്‍, ഐശ്വര്യ, കൃഷ്ണപ്രഭ, ജയന്‍ തുടങ്ങിയവരും അവരുടെ റോളുകള്‍ ഭദ്രമാക്കി.

      ഒറ്റവാക്കില്‍, ഒരു തവണ ഇരുന്നു കാണാവുന്ന ഒരു പുതു അവതരണമാണ് 'നത്തോലി ഒരു ചെറിയ മീനല്ല'. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചേക്കാവുന്ന ഒരു സിനിമയാണിത്. കാരണം, പുതുമ അത്ര വഴങ്ങാത്ത പഴയ തലമുറയ്ക്ക് ഈ സിനിമ ഒട്ടും ആസ്വദിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. ഇടയ്ക്ക് ചിരിപ്പിക്കുകയും ഇടയ്ക്ക് ചിന്തിപ്പിക്കുകയും കൂടി ചെയ്യുന്നുണ്ട് നമ്മെ ഈ സിനിമ.

0 comments:

Post a Comment